വാസനാവികൃതി ഓഡിയോ വേർഷൻ

കോവിഡ്-19 പാൻഡെമിക്കിന്റെ ഭാഗമായി ലോകത്തിന്റെ പലഭാഗങ്ങളിലെന്നവണ്ണം കേരളത്തിലും ലോൿഡൗണാണ്. ബഹുഭൂരിപക്ഷം ജനങ്ങളും പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ വീടുകളിൽ അടച്ചുപൂട്ടിയിരിക്കുകയാണ്. കേരളത്തിലെ വിവിധ കമ്യൂണിറ്റികൾ വെബിനാറുകളും ലൈവ് ഇന്റർവ്യൂകളുമൊക്കെയായി ലോൿഡൗണിനെ ഫലപ്രദമായി വിനിയോഗിക്കുന്നുണ്ട്. ടിങ്കർഹബ്ബിന്റെ ഒരുദിവസത്തെ ഇൻസ്റ്റാഗ്രാം ലൈവ് ഇന്റർവ്യൂവിൽ മെഹറുമായി ചർച്ചയിലേർപ്പെടാൻ എനിക്കും സാധിച്ചു.

ലോൿഡൗണൊക്കെയാണെങ്കിലും എൻട്രിയിലെ തിരക്കിനു കുറവൊന്നുമില്ല. അതോടൊപ്പം ലോൿഡൗൺ സ്പെഷലായി കയ്യിൽക്കിട്ടിയ സമയം പുസ്തകങ്ങൾ വായിക്കാനും, പലവിധ ഓൺലൈൻ കോഴ്സുകൾ ചെയ്യാനുമൊക്കെ വിനിയോഗിച്ച് മനഃസമാധാനത്തോടെ ജീവിച്ചു പോരുന്നുണ്ടെങ്കിലും, ലോൿഡൗണിന്റെ ഭാഗമായി വീടുകളിലിരിക്കുന്ന വിവിധ സുഹൃത്തുക്കളോടൊത്ത് എന്തെങ്കിലും കാര്യക്ഷമമായി ചെയ്യണമെന്ന് കുറച്ചുദിവസമായി ആലോചിച്ചുവരുന്നു. ആയിടക്കാണ് ടെലഗ്രാമിലെ പുസ്തകങ്ങളുമായി ബന്ധപ്പെട്ട ഒരു സൗഹൃദക്കൂട്ടായ്മയിൽ ഓഡിയോബുക്കുകളെപ്പറ്റിയുള്ള ചർച്ചയും, അതിനു സമാന്തരമായി സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഗ്രൂപ്പിൽ മലയാളം സ്പീച്ച് കോർപ്പസ്സിനെപ്പറ്റിയുള്ള ചർച്ചയും ശ്രദ്ധയിൽപെട്ടത്. കുറച്ചുവർഷങ്ങൾക്ക് മുൻപ്, വിക്കിഗ്രന്ഥശാലയിലെ കൃതികളിൽ പറ്റാവുന്നവ ഓഡിയോ രൂപത്തിൽ ചേർക്കുക എന്നൊരാശയം മനസിൽ ഉണ്ടായിരുന്നത് വീണ്ടും പൊങ്ങിവരാൻ ഈ ചർച്ചകൾ കാരണമായി. ഉടനെ തന്നെ ചില സുഹൃത്തുക്കളെ വിളിച്ച് കാര്യം പറയുകയും, വിക്കിഗ്രന്ഥശാലയിലെ ഓരോ കൃതികളെടുത്ത് ഓരോരുത്തരെയും വായിക്കാനേൽപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി എന്റെ ചേച്ചീതുല്യയും ആത്മസുഹൃത്തും സർവ്വോപരി കോളേജിലെ ആദ്യവർഷ അദ്ധ്യാപികയുമായ നീലിമ അരവിന്ദ് ഒരു ഓഡിയോ വളരെ ഭംഗിയായി റെക്കോർഡ് ചെയ്യുകയും അയച്ചു തരികയുമുണ്ടായി. അതത്രേ വളരെനാൾ കൂടിയുള്ള ഈ ബ്ലോഗ് പോസ്റ്റിനാധാരം.

വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ രചിച്ച വാസനാവികൃതി എന്ന ചെറുകഥയാണ് ഓഡിയോ രൂപത്തിൽ വിക്കിമീഡിയാ കോമൺസിലും, തദ്ഫലമായി വിക്കിഗ്രന്ഥശാലയിലും(വിക്കിഗ്രന്ഥശാലയിലെ സന്നദ്ധപ്രവർത്തകരുടെ ശ്രമഫലമായി ഈ കൃതി നേരത്തേതന്നെ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്), ഒപ്പം സൗണ്ട്ക്ലൗഡിലും ലഭ്യമാക്കിയിരിക്കുന്നത്. 1891 രചിക്കപ്പെട്ട ഈ ചെറുകഥ, കോപ്പിറൈറ്റ് കാലാവധി അവസാനിച്ച് പൊതുസഞ്ചയത്തിന്റെ ഭാഗമായി മാറിയിട്ടുള്ള ഒന്നാണ്. വിദ്യാവിനോദിനി മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കഥയുടെ മറ്റൊരു പ്രത്യേകത ഇത് മലയാളത്തിലെ ആദ്യ ചെറുകഥയാണ് എന്നുള്ളതാണ്. നീലിമച്ചേച്ചി വായിച്ചതിന്റെ ഈ റെക്കോഡിങ് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ അലൈൿ 4.0 അനുമതിപത്രപ്രകാരമാണ് ലഭ്യമാക്കിയിട്ടുള്ളത്.

Hrishikesh Bhaskaran · വാസനാവികൃതി |Vasanavikruthi - ചെറുകഥ