നെറ്റ്‌ന്യൂട്രാലിറ്റി: ഉപയോക്താക്കളുടെ വിജയം
വിവിധ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിവിധതരത്തില്‍ വിലയീടാക്കുന്നത് (ഡിഫറന്‍ഷ്യല്‍ പ്രൈസിങ്) നിരോധിച്ചുകൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(TRAI) കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനം ആഗോളതലത്തില്‍ പ്രശംസ പിടിച്ചുപറ്റിക്കൊണ്ടിരിക്കുകയാണ്. ‘ഇന്റര്‍നെറ്റ് ചിലരുടെ മാത്രം കുത്തകയാവാന്‍ അനുവദിക്കില്ല’ എന്ന് ട്രായ് വിജ്ഞാപനത്തെ അനുകൂലിച്ചുകൊണ്ട് കമ്യൂണിക്കേഷന്‍സ് മന്ത്രിയായ രവിശങ്കര്‍ പ്രസാദും രംഗത്തെത്തിയതും ആശാവഹമാണ്.
തരംഗങ്ങളെ കുത്തകവത്കരിക്കപ്പെടുന്ന തരത്തിലേക്കെത്തിക്കുമായിരുന്ന അവസ്ഥയാണ് ട്രായ് വിജ്ഞാപനത്തിലൂടെ തടയപ്പെട്ടിരിക്കുന്നത്. ഉപയോക്താക്കളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന തരത്തില്‍ രൂപപ്പെടുത്തിയിട്ടുള്ള പ്രസ്തുത വിജ്ഞാപനം പലതരത്തിലും സവിശേഷമായ ഒന്നാണ്. വിവിധ തരത്തിലുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളേയും കമ്പനികളേയും സംബന്ധിച്ചും ആഗോളതലത്തിലുള്ള നെറ്റ്‌ന്യൂട്രാലിറ്റി സംവാദങ്ങളെ സംബന്ധിച്ചും ഈ വിജ്ഞാപനം പ്രസക്തമാവുന്നത് എങ്ങിനെ എന്ന് ഒന്ന് വിശകലനം ചെയ്യുന്നത് നന്നായിരിക്കും.
- ചില വെബ്‌സൈറ്റുകള്‍ മാത്രം ഇന്റര്‍നെറ്റ് എന്ന പേരില്‍ സൗജന്യമായോ, കുറഞ്ഞ തുക ഈടാക്കിയോ നല്കുന്നത് നിരോധിച്ചിരിക്കുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് മുഴുവനായി സൗജന്യമായി നല്കുന്നതിനു തടസ്സങ്ങളൊന്നും തന്നെയില്ല.
- ദുരന്തങ്ങള്‍പോലെയുള്ള അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം നിബന്ധനകള്‍ക്ക് വിധേയമായി അടിയന്തര സേവനങ്ങളിലേയ്ക്കുള്ള ആക്‌സസ് പണം കുറച്ചോ സൗജന്യമായോ ലഭ്യമാക്കാനും ടെലകോം കമ്പനികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്
- ഇപ്പോഴത്തെ പോളിസി രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പുനഃപരിശോധിക്കുന്നതാണ്.
ഡിഫറന്‍ഷ്യല്‍ പ്രൈസിങ് നിരോധം എന്ത്?
Prohibition of Discriminatory Tariffs for Data Services Regulations, 2016 എന്ന പേരില്‍ അറിയപ്പെടുന്ന വിജ്ഞാപനമാണ് ട്രായി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതില്‍ മൂന്നു കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നു.
1. സര്‍വ്വീസ് പ്രൊവൈഡര്‍മാരാരും തന്നെ ഉള്ളടക്കത്തിനനുസരിച്ചുള്ള വിവേചനത്തോടു കൂടി ഡാറ്റാ സര്‍വ്വീസുകള്‍ക്ക് വിലയോടെയോ അല്ലാതെയോ ഉള്ള താരിഫുകള്‍ ഈടാക്കരുത്.
2. ഉള്ളടക്കത്തിനനുസരിച്ചുള്ള വിവേചനത്തോടുകൂടിയ വിലയോടെയോ അല്ലാതെയോ ഉള്ള താരിഫുകള്‍ ഈടാക്കുന്ന തരത്തിലുള്ള കോണ്ട്രാക്റ്റുകളിലോ, എഗ്രിമെന്റുകളിലോ, വ്യവസ്ഥകളിലോ അത് എന്ത് പേരിലുള്ളതായാലും സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ ഏര്‍പ്പെടാന്‍ പാടില്ല.
അതേ സമയം ഈ റെഗുലേഷനെ മറികടക്കുക എന്ന ഉദ്ദേശത്തോടുകൂടിയല്ലാതെയുള്ള ക്ലോസ്ഡ് ഇലക്ട്രോണിക്! കമ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കുകളിലേക്ക് നല്കപ്പെടുന്ന ഡാറ്റാ സര്‍വ്വീസുകള്‍ക്ക് ഈ റെഗുലേഷന്‍ ബാധകമായിരിക്കുകയില്ല.
3. ഏതെങ്കിലും സര്‍വ്വീസ് പ്രൊവൈഡര്‍ ഈ റെഗുലേഷന്‍ ലംഘിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം അതോറിറ്റിക്കായിരിക്കും.
(വിജ്ഞാപനം പൊതുജനങ്ങള്‍ക്ക് മനസിലാക്കുക എന്ന ഉദ്ദേശത്തോടുകൂടിയുള്ള ഏകദേശ പരിഭാഷയാണ് മുകളില്‍ നല്കിയിരിക്കുന്നത്. നിയമപരമായ ആവശ്യങ്ങള്‍ക്ക് ട്രായി പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ യഥാര്‍ത്ഥ കോപ്പി ഉപയോഗിക്കേണ്ടതാണ്)
പ്രകൃതിക്ഷോഭങ്ങള്‍ പോലെയുള്ള ദുരന്താവസരങ്ങളില്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്ക് ഈ വിജ്ഞാപനത്തെ മറികടന്ന് അവശ്യ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കാവുന്നതാണ്. എന്നാല്‍ അത്തരം അവസരങ്ങളില്‍ ഏഴു ദിവസത്തിനകം ട്രായിയെ രേഖാമൂലം അറിയിക്കേണ്ടുന്നതും, അതുമായി ബന്ധപ്പെട്ട അവസാന തീരുമാനം ട്രായ് കൈക്കൊള്ളുന്നതുമാണ്.
കുത്തകകള്‍ക്ക് തിരിച്ചടി
ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഇനിയും ലഭ്യമാവേണ്ടിയിരിക്കുന്നു. വിവിധ സര്‍ക്കാര്‍-സര്‍ക്കാരേതര സംരംഭങ്ങളുടെ ഭാഗമായി സമീപഭാവിയില്‍ ഇന്റര്‍നെറ്റിനെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുമുണ്ട്. ഇത്തരത്തില്‍ കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ വരുന്നതിലൂടെ ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പനികളെ സംബന്ധിച്ചിടത്തോളം വലിയ വരുമാനവര്‍ദ്ധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്വാഭാവികമായും ഈ ജനങ്ങള്‍ പരിചയപ്പെടുന്ന ആദ്യത്തെ ബ്രാന്റ് തങ്ങളുടേതാവണമെന്നും, ഇവരുടെ ഇന്റര്‍നെറ്റ് ഉപയോഗം തങ്ങളുടെ വരുതിയിലാക്കണമെന്നും വന്‍ കമ്പനികള്‍ ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമായി നിരവധി പദ്ധതികളും കാമ്പൈനുകളുമാണ് ഒളിഞ്ഞും തെളിഞ്ഞും വന്‍ കമ്പനികള്‍ വിഭാവന ചെയ്തിരിക്കുന്നത്. എയര്‍ടെല്ലിന്റെ എയര്‍ടെല്‍ സീറോ, ഫേസ്ബുക്കിന്റെ ഫ്രീബേസിക്!സ് എന്നിവ ഇവയില്‍ ചിലതുമാത്രം. തിരഞ്ഞെടുത്ത വെബ്സൈറ്റുകള്‍ മാത്രം സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമാക്കുന്നതിലൂടെ കൂടുതല്‍ ഉപയോക്താക്കളെ തങ്ങളുടെ ബ്രാന്റിന്റെ ആശ്രിതരാക്കാമെന്നുള്ള കണക്കു കൂട്ടലുകളാണ് ഈ വിജ്ഞാപനത്തിലൂടെ വ്യര്‍ത്ഥമായിരിക്കുന്നത്. വിവിധ സേവനങ്ങള്‍ക്ക് വിവിധ നിരക്കുകള്‍ ഈടാക്കി ലാഭം വര്‍ദ്ധിപ്പിക്കാമെന്ന ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍മാരുടെ ആഗ്രഹവും ഇനി നടക്കില്ല. ട്രായ് വിജ്ഞാപനത്തില്‍ നിരാശനാണ് എന്ന മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിന്റെ പ്രസ്താവനയും, ഇന്റര്‍നെറ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിനു ഈ വിജ്ഞാപനം തടസ്സമാവും എന്ന സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നിലപാടും അവരുടെ മോഹഭംഗത്തെ സൂചിപ്പിക്കുന്നു. അതേസമയം ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, നാസ്‌കോം മുതലായ സംഘടനകളും, ബ്രോഡ്കാസ്റ്റര്‍മാരായ സോണി പിക്ചേഴ്‌സും സീ ഗ്രൂപ്പും മറ്റും വിജ്ഞാപനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.
ലോകോത്തരമായ വിജ്ഞാപനം
നിരവധി കാര്യങ്ങളാല്‍ ലോകോത്തരമായിട്ടുള്ള ഒരു വിജ്ഞാപനമാണ് ഇത്. ഈ വിജ്ഞാപനം അമേരിക്കയിലെ സമാനമായ വിജ്ഞാപനത്തേക്കാള്‍ ശക്തമായതാണെന്ന് ലോകമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നു. ഇന്ത്യയിലാദ്യമായിട്ടാണ് ഒരു ഗവണ്‍മെന്റ് എന്റിറ്റി ഒരു വിജ്ഞാപനത്തിലൂടെ ഇന്റര്‍നെറ്റിനെ കൃത്യമായി നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നത്. തികച്ചും ജനകീയമായ രീതിയില്‍ ജനങ്ങളില്‍ നിന്നും സ്റ്റേക്ഹോള്‍ഡര്‍മാരില്‍നിന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുകയും അവ യഥാവിധം ചര്‍ച്ച ചെയ്യുകയും ചെയ്തതിനുശേഷമാണ് ട്രായ് ഇങ്ങിനെയൊരു വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇവയെല്ലാം തന്നെ മറ്റു ലോകരാജ്യങ്ങള്‍ക്കെല്ലാം മാതൃകയാണെന്ന് നിരീക്ഷിക്കപ്പെടുന്നു. 2010 ല്‍ നെറ്റ് ന്യൂട്രാലിറ്റി ജെനറല്‍ ടെലി കമ്യൂണിക്കേഷന്‍സ് നിയമാവലിയുടെ ഭാഗമാക്കിക്കൊണ്ട് ചിലി ആണ് ആദ്യമായി നിയമപരമായി നെറ്റ്‌ന്യൂട്രാലിറ്റിയെ പിന്തുണച്ച രാജ്യം, 2014 ല്‍ സീറോ റേറ്റിങ്ങും ചിലിയില്‍ നിരോധിക്കപ്പെടുകയുണ്ടായി. 2012 ല്‍ നെറ്റ് ന്യൂട്രാലിറ്റി നിയമം കൊണ്ടുവന്ന നെതര്‍ലാന്റ്‌സ്, നെറ്റ്‌ന്യൂട്രാലിറ്റിയെ നിയമം മൂലം പിന്തുണക്കുന്ന യൂറോപ്പില്‍ ആദ്യത്തെയും ലോകത്ത് രണ്ടാമത്തെയും രാജ്യമായി മാറി. തുടര്‍ന്ന് 2014 ല്‍ ഡിഫറന്‍ഷ്യല്‍ പ്രൈസിങ് നിരോധിച്ചുകൊണ്ട് ബ്രസീലും രംഗത്തെത്തി. അടുത്തതായി നെറ്റ് ന്യൂട്രാലിറ്റി നിയമം പ്രഖ്യാപിച്ചുകൊണ്ട് യു.എസില്‍ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷന്‍ മുന്നോട്ടുവന്നു. എന്നാല്‍ ഓരോ സീറോ റേറ്റിങ് പദ്ധതികളേയും പ്രത്യേകം പരിഗണിച്ച് പരിശോധിച്ചതിനുശേഷം തീരുമാനമെടുക്കും എന്ന FCC നിലപാട് എതിര്‍പ്പുകളേറ്റുവാങ്ങിയിരുന്നു. എന്നാല്‍ ഡിഫറന്‍ഷ്യല്‍ പ്രൈസിങ്ങിനെ ഒന്നടങ്കം നിരോധിച്ചുകൊണ്ടുള്ള ട്രായ് വിജ്ഞാപനത്തെ വേള്‍ഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവായ ടിം ബര്‍ണേഴ്‌സലി അടക്കമുള്ള വിദഗ്ദ്ധരും ലോകത്താകമാനമുള്ള നെറ്റ്‌ന്യൂട്രാലിറ്റി ആക്റ്റിവിസ്റ്റുകളും പ്രധാന മാധ്യമങ്ങളുമെല്ലാം സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകളേയും സിറ്റിസന്‍ ജേണലിസ്റ്റുകളേയും മറ്റ് സ്വതന്ത്ര ഓണ്‍ലൈന്‍ സംരംഭങ്ങളേയുമൊക്കെ സംരക്ഷിക്കുന്ന രീതിയിലുള്ളതാണ് വിജ്ഞാപനം. വിജ്ഞാപനത്തില്‍ ഉപയോക്താവിനെ പരാമര്‍ശിക്കുന്ന സ്ഥലങ്ങളില്‍ സാധാരണഗതിയില്‍ He എന്നതിനു പകരം She എന്നുപയോഗിച്ചിരിക്കുന്നതിനേയും സൈബര്‍ലോകം സ്വാഗതം ചെയ്യുന്നു.
Well done India! passes strong #netneutrality rules, stands up for open Web. See @webfoundation -> https://t.co/CvahcQYNtd #savetheinternet
— Tim Berners-Lee (@timberners_lee) February 8, 2016
Welcome TRAI's ruling in support of #NetNeutrality. Big win for internet users in India!(1/2)
— Rahul Gandhi (@RahulGandhi) February 8, 2016
Warm welcome to #netneutrality in India!
— Naveen Tewari (@NaveenTewari) February 9, 2016
Kudos to TRAI for keeping internet free of 'License Raj'
TRAI ruling on #FreeBasics & #NetNeutrality is a delightful read, even if heavy, for the amazing sense of detail/logic to explain its stance
— Madhavan Narayanan (@madversity) February 9, 2016
പൂര്‍ണ്ണമായ നെറ്റ് ന്യൂട്രാലിറ്റി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള സമരത്തിന്റെ വലിയൊരു ഭാഗം ഇതോടെ തീര്‍ന്നിരിക്കുകയാണ്. എന്നിരിക്കിലും, സ്‌കൈപ്പ്, വാട്ട്‌സാപ്പ്, വൈബര്‍ പോലെയുള്ള VoIP സേവനങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്നും, ലൈസന്‍സ് ഇല്ലാത്ത ഇത്തരം സേവനങ്ങളുപയോഗിക്കുമ്പോള്‍ കൂടുതല്‍ വിലയീടാക്കാന്‍ അനുവദിക്കണമെന്നുമുള്ള ടെലികോം സര്‍വ്വീസ് പ്രൊവൈഡര്‍മാരുടെ ആവശ്യവും, വിവിധ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ വിവിധതരത്തിലുള്ള വേഗത ക്രമീകരിക്കുന്നതും സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ഇനിയും തീരുമാനമെടുക്കേണ്ടതായിട്ടുണ്ട്. അത്തരം കാര്യങ്ങളിലും ട്രായ് ഉപയോക്തൃപക്ഷം ചേരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതിനായി ശബ്ദമുയര്‍ത്തേണ്ട അവസരങ്ങളില്‍ നെറ്റ്ന്യൂട്രാലിറ്റിക്കായി ഇക്കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ കാംപൈനുകളിലെന്നപോലെത്തന്നെ ശക്തമായി നമുക്ക് നിലകൊള്ളാം.