ഫ്രീബേസിക്‌സ്: എന്തിന് ഈ വിലങ്ങ് സ്വയം അണിയണം?
എന്താണ് നെറ്റ് ന്യൂട്രാലിറ്റി? Link to heading
അടിസ്ഥാനപരമായി ഒരു ഇന്റർനെറ്റ് ഉപയോക്താവ് ഉപയോഗിക്കുന്നത് ഡാറ്റയാണ്. വീഡിയോ, ഓഡിയോ, ചിത്രങ്ങൾ, വെബ് പേജുകൾ(ടെക്സ്റ്റ്) എന്നിവയൊക്കെ ഡാറ്റയാണ്. ഓരോരുത്തരും ഉപയോഗിക്കുന്ന ഡാറ്റയുടെ അളവനുസരിച്ചാണ് ഇന്റർനെറ്റ് സേവനദാതാവ് പണം ഈടാക്കുന്നത്. ഇത്തരത്തിലുള്ള എല്ലാ ഡാറ്റയ്ക്കും തുല്ല്യ പരിഗണനകൊടുക്കുന്ന രീതിയിലുള്ള ഇന്റർനെറ്റിനെ ന്യൂട്രൽ ഇന്റർനെറ്റ് എന്നു പറയുന്നു. ഇന്റർനെറ്റ് സെർവീസ് പ്രൊവൈഡർമാരും ഗവണ്മെന്റും ഈ ഡാറ്റയെ പക്ഷപാതപരമായി കാണുന്നില്ല. ഒരേ അളവിലുള്ള ഡാറ്റ ഉപയോഗിക്കുന്നതിന് (അത് വീഡീയോയോ ടെക്സ്റ്റോ ഇമേജോ എന്തുമാവട്ടെ) ഉപയോക്താവിന് ഒരേ ചിലവായിരിക്കും. എന്തു തരത്തിലുള്ള സേവനമാണ് ഇന്റർനെറ്റിൽ നിന്ന് ഉപയോഗിക്കണ്ടത് എന്ന് അതിനുള്ള ചിലവിനെക്കുറിച്ച് ചിന്തിക്കാതെ തന്നെ ഉപയോക്താവിന് തിരഞ്ഞെടുക്കാവുന്നതാണ്. അതുപോലെ നിങ്ങൾ ഒരു ബ്ലോഗോ വെബ്‌സൈറ്റോ ആരംഭിക്കുകയാണെങ്കിൽ ഒരു ഇന്റർനെറ്റ് ഉപയോക്താവിന് ഗൂഗിളോ ഫേസ്‌ബുക്കോ ഉപയോഗിക്കുന്നതുപോലെത്തന്നെ നിങ്ങളുടെ സേവനവും ലഭ്യമാവണം, നിങ്ങൾ എത്ര ചെറിയവനോ വലിയവനോ ആവട്ടെ, പണക്കാരനോ പാവപ്പെട്ടവനോ ആവട്ടെ, ന്യൂട്രൽ ഇന്റർനെറ്റിലെ നിങ്ങളുടെ ലഭ്യത മറ്റേതൊരു സേവനത്തിന്റേതുമെന്നതുപോലെത്തന്നെയായിരിക്കും
ഓപ്പൺ ഇന്റർനെറ്റ് Link to heading
സ്വതന്ത്രമായ സ്റ്റാൻഡേഡുകളാൽ പ്രവർത്തിക്കുന്ന, അഭിപ്രായ സ്വാതന്ത്ര്യമുള്ള ന്യൂട്രലായിട്ടുള്ള ഇന്റർനെറ്റിനേയും ഇത്തരത്തിൽ ലഭ്യമാവുന്ന റിസോഴ്സുകളേയും ചേർത്ത് ഓപ്പൺ ഇന്റർനെറ്റ് എന്നു പറയുന്നു. ഓപ്പൺ ഇന്റർനെറ്റിന്റെ പ്രവർത്തന മാതൃക സുതാര്യമായിരിക്കും. ഓപ്പൺ ഇന്റർനെറ്റ് സ്വതന്ത്രമായ മാർക്കെറ്റിന് സമമാണ്. ഓപ്പൺ ഇന്റർനെറ്റിലൂടെ വിപണനം നടത്താനും ലാഭമുണ്ടാക്കാനും എല്ലാവർക്കും തുല്യ അവകാശമായിരിക്കും. ഒരു പ്രത്യേക സെർവീസിനേയോ കമ്പനിയേയോ ഓപ്പൺ ഇന്റർനെറ്റ് പക്ഷപാതപരമായി സഹായിക്കുന്നില്ല.
എന്താണ് ഫ്രീ ഫ്രീബേസിക്‌സ് Link to heading
ഏതാനും വെബ് സേവനങ്ങൾ ഉപയോക്താക്കൾക്ക് സൗജന്യമായി ലഭ്യമാക്കുന്നതിനു വേണ്ടി സോഫ്റ്റ്‌വെയർ ഭീമനായ ഫേസ്‌ബുക്കും ഇന്റർനെറ്റ് സെർവീസ് പ്രൊവൈഡർമാരും ചേർന്ന്(ഇന്ത്യയിൽ ഇപ്പോൾ റിലയൻസ്) ലഭ്യമാക്കാനുദ്ദേശിക്കുന്ന ഒരു പദ്ധതിയാണ് ഫ്രീബേസിക്‌സ്. നേരത്തെ ഇന്റർനെറ്റ് ഡോട്ട് ഓർഗ് എന്നറിയപ്പെട്ടിരുന്ന ഇത് ഇന്റർനെറ്റ് എന്ന പേര് ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം നേരിട്ടതിനാൽ ഫ്രീബേസിൿസ് എന്ന പേരിൽ പുനരവതരിപ്പിച്ചിരിക്കുകയാണ്. ഇന്റർനെറ്റ് ആക്റ്റിവിസ്റ്റുകൾ ഇതിനെ മതിലുകളുള്ള ഉദ്യാനം (walled garden) എന്നു വിശേഷിപ്പിക്കുന്നു. ഫ്രീബേസിൿസിലൂടെ ഒരു തുറന്ന ഇന്റർനെറ്റ്(Open Internet) ഉപയോക്താവിന് ലഭ്യമാവുന്നില്ല. ഓൺലൈനായ ഏതാനും സേവനങ്ങളോടുകൂടിയ ദ്വീപുകൾ സൃഷ്ടിക്കാനേ ഫ്രീബേസിക്‌സ് പോലുള്ള സംരംഭങ്ങൾക്ക് സാധിക്കൂ..
ഫ്രീബേസിക്‌സ് നെറ്റ് ന്യൂട്രാലിറ്റിക്കും ഓപ്പൺ ഇന്റർനെറ്റിനും എതിരാവുകയും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതെങ്ങനെ? Link to heading
- ഫ്രീബേസിക്‌സ് ആളുകളെ ഓൺലൈനിലെത്തിക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഫേസ്ബുക്കും അവരുടെ പാർട്ണർ സർവീസുകളും സൗജന്യമായി ഉപയോക്താക്കളിലെത്തിക്കുക എന്നതാണ് അവരുടെ ലക്ഷ്യം, ഫ്രീബേസിൿസ് പാർട്ണർമാരല്ലാത്ത സേവനങ്ങൾ ഉപയോഗിക്കാൻ ഉപയോക്താവ് പണം മുടക്കേണ്ടതായി വരും, ഫേസ്ബുക്കിനോടും അതിന്റെ പാർട്ണർ കമ്പനികളോടും പക്ഷപാതമുള്ള ഒരു നെറ്റ്‌വർക്കായിരിക്കും ഫ്രീബേസിൿസ് നല്കുന്നത് എന്നു ചുരുക്കം.
- ഫ്രീബേസിക്‌സ് ഒരു ഓപ്പൺ പ്ലാറ്റ്‌ഫോം അല്ല. ഫ്രീബേസിക്സിന്റെ ടെക്നിക്കൽ ഗൈഡ് ലൈനുകൾ തീരുമാനിക്കുന്നത് ഫേസ്ബുക്കാണ്, അതിൽ മാറ്റം വരുത്താനുള്ള അധികാരവും ഫേസ്ബുക്കിനുണ്ട് ഫ്രീബേസിൿസിന്റെ ഭാഗമായ സേവനങ്ങളെ നിഷേധിക്കാനുള്ള അധികാരവും ഫേസ്ബുക്കിനുണ്ട്. ഫേസ്ബുക്കിന്റെ നിബന്ധനകൾക്ക് വിധേയമായ സേവനങ്ങൾ മാത്രമേ ഫ്രീബേസിക്സിലൂടെ ലഭ്യമാവുള്ളൂ.. വിചിത്രമായ കാര്യമെന്താണെന്നു വെച്ചാൽ അമേരിക്കയിൽ ‘നിബന്ധനകളില്ലാത്ത ഇന്നോവേഷൻ’ (permissionless innovation) എന്ന ആശയത്തിന്റെ വക്താക്കളാണ് ഫേസ്ബുക്ക്.
- ഫ്രീബേസിക്‌സീലൂടെ ലഭ്യമായ സേവങ്ങൾ ഉപയോഗിക്കുമ്പോൾ ഓരോ ഉപയോക്താവും എന്തൊക്കെ സേവനങ്ങളാണ് ഉപയോകിക്കുന്നതെന്നും ഏതൊക്കെ രീതിയിലാണ് ഉപയോഗിക്കുന്നത് എന്നതും സംബന്ധിച്ച വിവരങ്ങൾ ഫേസ്‌ബുക്ക് ട്രാക്ക് ചെയ്യുന്നു. വ്യക്തികേന്ദ്രീകൃതമായ പരസ്യങ്ങളുപയോഗിച്ചാണ് ഫേസ്‌ബുക്ക് വരുമാനമുണ്ടാക്കുന്നത് എന്നിരിക്കേ ഓരോ വ്യക്തികളുടേയും ഇന്റർനെറ്റ് ഉപയോഗത്തെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നത് ഫേസ്ബുക്കിന് വാണിജ്യപരമായ നേട്ടങ്ങളെ സഹായിക്കും, സങ്കീർണ്ണമായ പ്രൈവസി ലംഘനങ്ങൾക്കും ഇത് കാരണമാവും
- ഇതുവരെ ഇന്റർനെറ്റുമായി പരിചയിച്ചിട്ടില്ലാത്ത ഉപയോക്താക്കൾ ആദ്യമായി ഉപയോഗിക്കുന്ന സേവനങ്ങൾ സ്വാഭാവികമായും ആളുകൾ തുടർന്നും ഉപയോഗിക്കും, ഇത്തരത്തിൽ മാർക്കറ്റിലേക്ക് നേരത്തേ കടന്നു ചെല്ലുക എന്ന ഉദ്ദേശത്തിനായി ചാരിറ്റി എന്ന പഞ്ചസാരപ്പുതപ്പിനാൽ മറച്ച് അവതരിപ്പിച്ചിരിക്കുന്ന തികഞ്ഞ വാണിജ്യോദ്ദേശത്തോടെയുള്ള ഒരു സംരംഭമാണ് ഫ്രീ ബേസിൿസ്
- കോടിക്കണക്കിനു രൂപ ചിലവു ചെയ്ത് തെറ്റിദ്ധാരണാജനകമായ വിവരങ്ങളടങ്ങിയ പരസ്യങ്ങളിലൂടെ (പത്രങ്ങളിലോരോന്നിലും മൂന്നും നാലും ഫുൾ പേജ് പരസ്യങ്ങളും, കൂറ്റൻ ബിൽ ബോർഡുകളും അടക്കം) ഇന്ത്യൻ ജനതയെ തെറ്റിദ്ധരിപ്പിക്കുകയാണ് ഫേസ്‌ബുക്ക്. (ഉദാഹരണത്തിൻഫ്രീബേസിക്‌സ്സിലൂടെ കാർഷിക നേട്ടമുണ്ടാക്കിയ വ്യക്തി എന്ന് പരസ്യത്തിലൂടെ അവതരിപ്പിച്ച കർഷകൻ ഫ്രീബേസിക്സിനും രണ്ടു വർഷങ്ങൾക്ക് മുൻപേ തന്നെ ഇന്റർനെറ്റിൽ സജീവമായിരുന്ന വ്യക്തിയാണെന്ന് അടുത്തിടെ കണ്ടെത്തുകയുണ്ടായി)
ഇന്ത്യൻ ഗവണ്മെന്റ് സംരംഭങ്ങളിലൂടെയും, സാധാരണരീതിയിലുള്ള ബോധവത്കരണത്തിലൂടെയും റൂറൽ ഇന്ത്യയിലേക്ക് ഇന്റർനെറ്റ് എത്തിക്കുന്നതിൽ നാം ഫലപ്രദമായ പാതയിൽ തന്നെയാണ്. നെറ്റ് ന്യൂട്രാലിറ്റിയെ ബാധിക്കാത്ത, ഓപ്പൺ ഇന്റർനെറ്റിനെ പിന്തുണക്കുന്ന മറ്റു പദ്ധതികളുമുണ്ടെന്നിരിക്കേ..ഫ്രീബേസിക്‌സ് പോലുള്ള ആപത്കരമായ പദ്ധതികൾ ഇന്ത്യക്ക് ആവശ്യമില്ല. സാധാരണക്കാർക്ക് സൗജന്യമായിത്തന്നെ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള റിസോഴ്സുകൾ ഗവണ്മെന്റിനുണ്ട്. സ്വകാരമേഖലയിലും ഫലപ്രദമായ ഇതരമാതൃകകൾ ലഭ്യമാണ്. ഇന്ത്യക്കാരുടെ ഇന്റർനെറ്റ് എക്കോ സിസ്റ്റത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാനിടയുള്ള ഫ്രീബേസിൿസ് പോലുള്ള സംരംഭങ്ങൾക്കുമേൽ ഫലപ്രദമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിൽ സോഫ്‌റ്റ്‌വെയർ, സർവീസ് പ്രൊവൈഡർ ഭീമന്മാരുടെ ലാഭക്കൊതിക്കും വാണിജ്യലാക്കിനും മുന്നിൽ അഭിപ്രായ പ്രകടനസ്വാതന്ത്ര്യവും സ്വതന്ത്രമായ ഇന്റർനെറ്റ് എന്ന ആശയവും നാം അടിയറവു വെക്കേണ്ടി വരും.
ഗവണ്മെന്റ് റെഗുലേറ്ററി അഥോറിറ്റിയായ TRAI യെ പൊതുജനാഭിപ്രായം എന്തെന്നറിക്കാനുള്ള അവസാന തിയ്യതി ജനുവരി ഏഴ് വരെയാണ്. സ്വതന്ത്രമായ ഒരു ഇന്റർനെറ്റിനായി ന്യൂട്രലായുള്ള ഇന്റർനെറ്റ് സേവനലഭ്യതക്കായി ഉടൻ തന്നെ http://savetheinternet.in എന്ന വെബ്‌സൈറ്റ് വഴി TRAI ക്ക് മെയിലക്കുക