ചില വല്ല്യേട്ടൻ പരീക്ഷണങ്ങളുടെ കഥകളും കഥയില്ലായ്മകളും!
എണ്ണൂറ്റി അൻപത്തൊൻപത് അശ്ലീല-വെബ്സൈറ്റുകൾ കേന്ദ്രസർക്കാർ നിശബ്ദമായി നിരോധിച്ചത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മാറിവരുന്ന ഗവണ്മെന്റുകൾക്ക് ഇന്റനെറ്റ് എന്നും ഒരു കീറാമുട്ടി തന്നെയായിരുന്നു. ദ്രുതഗതിയിൽ വളരുന്ന സാങ്കേതികവിദ്യയുടെ അനേകായിരം കൈകളെക്കുറിച്ച് തെല്ലും ബോധമില്ലാതെ, ഇന്റർനെറ്റിലെ വിവരവിനിമയത്തിന്റെ നിയന്ത്രണം തങ്ങളുടെ മർക്കടമുഷ്ടിയിലൊതുക്കാമെന്ന ഗവണ്മെന്റിന്റെ കുടിലചിന്തകൾ ഇതിനു മുൻപും വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വിധേയമായിട്ടുണ്ട്. വിവിധ ലോക രാഷ്ട്രങ്ങൾ നടത്തിവരുന്ന ഇന്റർനെറ്റ് സെൻസർഷിപ്പിങ്ങിനെയും സർവൈലൻസിനെയും പറ്റി പഠിക്കുന്ന ഓപ്പൺനെറ്റ് ഇനീഷ്യേറ്റീവ്, ഇന്ത്യയെ സെലക്റ്റീവ് ഫിൽട്ടറിങ് നടത്തുന്ന രാജ്യങ്ങളിലൊന്നായിട്ടാണ് തരം തിരിച്ചിരിക്കുന്നത്.
ഈ സെലക്റ്റീവ് ഫിൽട്ടറിങ്, പൊളിറ്റിക്കൽ,സോഷ്യൽ കണ്ടന്റുകളിന്മേലും ഏർപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഓപ്പൺനെറ്റ് ഇനീഷ്യേറ്റീവിന്റെ റിപ്പോർട്ടിൽ ടെക്നോളജിയെക്കുറിച്ച് അറിവില്ലാതെ സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതിനെയും , വ്യക്തമായ കാരണങ്ങളില്ലാതെ വെബ്സൈറ്റുകൾക്ക് മേൽ നിരോധനം അടിച്ചേല്പിക്കുന്നതിനെയും എതിരെ പരിഹാസങ്ങളും വിമർശനങ്ങളും ഉണ്ടായിട്ടുള്ള കാര്യം എടുത്തു പറയുന്നുണ്ട്.
ഇന്റർനെറ്റ് സെൻസറിങ് രീതികൾ – പ്രായോഗികത
പ്രശ്നമുണ്ടെന്ന് വിലയിരുത്തപ്പെടുന്ന വെബ്സൈറ്റുകളിൽ നിന്ന് കണ്ടന്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നതും, വെബ്സൈറ്റുകൾ മൊത്തത്തിൽ നീക്കം ചെയ്യുന്നതിനുവേണ്ടിയുള്ള Take Down നോട്ടീസുകൾ നല്കുന്നതും, വിവിധ കാരണങ്ങൾ നിരത്തി സേർച്ച് എഞ്ചിനുകളിൽ നിന്ന് വിവരങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നതുമൊക്കെ ഇന്റർനെറ്റ് സെൻസറിങ്ങിനുപയോഗിക്കപ്പെടുന്ന സർവ്വസാധാരണ രീതികളാണ്. എന്നാൽ പ്രസ്തുത വെബ്സൈറ്റുകൾ ഹോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങൾക്കനുസരിച്ചാണ് ഇക്കാര്യത്തിൽ തീരുമാനങ്ങളെടുക്കപ്പെടുക എന്നതിനാൽ തന്നെ ഇത്തരം സെൻസർഷിപ്പ് രീതികൾ പൂർണ്ണമായും ഫലപ്രദമാവാറില്ല.
ഇത്തരം അവസരങ്ങളിൽ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരോട് വെബ്സൈറ്റുകളിലേക്കുള്ള വിവരവിനമയം വിച്ഛേദിക്കാനാവശ്യപ്പെടുക എന്നതാണ് സ്വാഭാവികമായി അവലംബിക്കുന്ന മാർഗ്ഗം ഇപ്പോൾ നടന്നിട്ടുള്ള അശ്ലീലസൈറ്റുകളുടെ നിരോധനവും ഇപ്രകാരം തന്നെയാണ്
ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർക്ക് വിവിധരീതിയിൽ ഈ നിരോധനം നടപ്പിൽ വരുത്താവുന്നതാണ്. വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്ന സെർവറിന്റെ ഐപി അഡ്രസ്സ് കരിമ്പട്ടികയിൽ പെടുത്തി ആ ഐപി അഡ്രസ്സിലേക്കുള്ള കണക്ഷനുകൾ അനുവദിക്കാതിരിക്കൽ, ഡൊമൈൻ നെയിമുകളെ ഐപി അഡ്രസ്സുകളുമായി മാപ്പ് ചെയ്യുന്ന ഡി.എൻ.എസ് സിസ്റ്റങ്ങളിൽ ഇടപെട്ട് പ്രസ്തുത ഡൊമൈനിലേക്കുള്ള ട്രാഫിക്കുകൾ വഴിതിരിച്ചു വിടൽ, യൂആറെല്ലുകളിൽ മുൻനിശ്ചയിച്ച വാക്കുകളുടെ സാന്നിധ്യമുണ്ടോ എന്ന് നോക്കി അവ ബ്ലോക്കു ചെയ്യൽ എന്നിവയൊക്കെ സാധാരണയായി പിന്തുടരപ്പെടുന്ന രീതികളാണ്. ഇവയൊന്നും തന്നെ പൂർണ്ണമായും ഫലപ്രദമല്ല. വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകളും പ്രോക്സി സെർവീസുകളുമെന്നു തുടങ്ങി പലമാർഗ്ഗങ്ങളുപയോഗിച്ച് ഇത്തരം നിരോധനങ്ങളെ മറികടക്കാനാവും. മാത്രമല്ല, ഇന്റർനെറ്റിൽ കണ്ടന്റ് ലഭ്യമാവുക ഒരു തരത്തിലൂടെ മാത്രമല്ല. വെബ്സൈറ്റുകൾ/ഡെഡിക്കേറ്റഡ് പോർട്ടലുകൾ എന്നത് അതിലൊരു വഴിമാത്രമാണ്. ഫയൽഷെയറിങ് വഴിയും ന്യൂസ് ഗ്രൂപ്പുകളിലൂടെയും ഡിസ്കഷൻ ഫോറങ്ങളിലൂടെയും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത രീതിയിലൂടെയാണ് ഇന്റർനെറ്റിലൂടെ കണ്ടന്റ് ഷെയർ ചെയ്യപ്പെടുന്നത്. അത് പൂർണ്ണമായി തടയിടൽ നടക്കാത്ത കാര്യമാണ്. ഇങ്ങനെ ന്യൂസ് ഗ്രൂപ്പുകളും ഡിസ്കഷൻ ഫോറങ്ങളും നിരത്തിപ്പിടിച്ച് ബ്ലോക്കു ചെയ്യുന്നത് അവയിൽ വരുന്ന മറ്റു കണ്ടന്റുകളെയും (Non porn content) ലഭ്യമല്ലാതാക്കാനിടവരുത്തും. അത്തരം സെൻസർഷിപിന്റെ കഥയില്ലായ്മയിലേക്ക് കടക്കേണ്ടല്ലോ..
ഏകദേശകണക്കുകളനുസരിച്ച് ഏതാണ്ട് 40 മില്ല്യണോടടുത്ത് പോൺസൈറ്റുകളുണ്ട്. 857 സൈറ്റുകൾ മേൽപ്പറഞ്ഞ രീതികളിലൊന്നുപയോഗിച്ച് നിരോധിക്കുന്നത് കടലിൽ നിന്ന് ഒരു ബക്കറ്റ് വെള്ളം കോരിക്കളയുന്നതുപോലെയാണ്. അതല്ലെങ്കിൽ പോൺസൈറ്റുകൾ കണ്ടുപിടിക്കാനും കാണുന്നമുറയ്ക്ക് കരിമ്പട്ടികയിൽ പെടുത്താനും പ്രത്യേക സംഘത്തെ ഇരുത്തേണ്ടി വരും. സാമ്പത്തികമായും ഇതു പ്രായോഗികമല്ല. വൈൽഡ് കാർഡ്സ് ഉപയോഗിച്ച് ബ്ലോക്കു ചെയ്യുന്ന രീതികൾ കോർപ്പറേറ്റുകളിൽ സാധാരണമാണ്. അശ്ലീലം എന്ന് കരുതുന്ന ഉള്ളടക്കങ്ങളെ കണ്ടെത്താനുപയോഗിക്കുന്ന കീവേഡുകൾ ഉള്ള സൈറ്റുകൾ മറ്റുകാര്യങ്ങളെ പരിഗണിക്കാതെ ബ്ലോക്കു ചെയ്യുന്ന രീതിയാണിത്. ഉദ്ദേശിക്കാത്ത തരത്തിലുള്ള സൈറ്റുകൾ പോലും പലപ്പോഴും ഈരീതിയിൽ ബ്ലോക്കു ചെയ്യപ്പെടും എന്നതിനാലും, മേൽപ്പറഞ്ഞ കാരണങ്ങളാലും ഇതും ഒരു ഫലപ്രദമായ രീതിയല്ല. (‘sex’ എന്ന വാക്ക് ബ്ലാൿലിസ്റ്റ് ചെയ്തതിന്റെ ഫലമായി sensex വെബ്സൈറ്റുകളും sensex ന്റെ വിക്കിപ്പീഡിയ പേജും ലഭ്യമാവാതിരുന്ന കഥ പലപ്പോഴും തമാശയായി പറയാറുണ്ട്.) മറ്റൊരു മാർഗ്ഗമുള്ളത് ISP ലെവലിലൂടെ നടക്കുന്ന എല്ലാ വിവരവിനിമയങ്ങളും പാക്കറ്റ് ലെവലിൽ നിരീക്ഷിച്ച് ഓരോ ഡാറ്റാ പാക്കറ്റുകളിലും നിരോധിക്കപ്പെട്ട വിവരങ്ങളുണ്ടെങ്കിൽ അത്തരം വിവരവിനിമയങ്ങൾ തടയുക എന്നതാണ്. ഈ മാർഗ്ഗത്തിനും പ്രധാനമായും രണ്ടു തരത്തിലുള്ള പ്രശ്നങ്ങളുണ്ട്. എൻക്രിപ്റ്റ് ചെയ്യപ്പെട്ട ഡാറ്റാപാക്കറ്റുകൾ സാധാരണഗതിയിൽ ഇത്തരത്തിൽ പരിശോധിക്കാൻ പറ്റില്ല. അതിനാൽ തന്നെ ഇത് പൂർണ്ണമായ തലത്തിലുള്ള ഫിൽട്ടറിങ് ഈ രീതിയിലൂടെ നടപ്പിലാക്കാനും പറ്റില്ല. മറ്റൊരു പ്രധാനപ്രശ്നം ഈ രീതിയിൽ പാക്കറ്റുകൾ നിരീക്ഷിക്കാൻ ISP കളെ ചുമതലപ്പെടുത്തിയാൽ അത് എൻക്രിപ്റ്റ് ചെയ്യപ്പെടാത്ത എല്ലാ വിവരവിനിമയവും നിരീക്ഷിക്കാൻ അവർക്ക് അനുവാദം കൊടുക്കുന്നതിനു തുല്ല്യമാണ്. ഗുരുതരമായ പ്രൈവസി പ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാവുക.
ചുരുക്കത്തിൽ ഒരു ജനാധിപത്യരാജ്യമെന്ന നിലക്ക് ഇന്ത്യയിൽ ഇന്റർനെറ്റ് സെൻസറിങ് ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കുകയില്ല. പിന്നെ എന്തിനാണ് ഈ 857 സൈറ്റുകൾ ബ്ലോക്ക് ചെയ്തത്? ഈ ബ്ലോക്കു തന്നെ ഒട്ടും ഫലപ്രദമല്ല. ഇതു യു ആറെൽ ലെവലിലുള്ള ബ്ലോക്കാണ്. ഒരു പുതിയ ഡൊമൈൻ റെജിസ്റ്റർ ചെയ്യാൻ ആയിരം രൂപയിൽ താഴെ മാത്രമേ ചിലവുള്ളൂ.. ഈ എണ്ണൂറ്റമ്പത്തേഴിൽ ഭൂരിഭാഗമെണ്ണവും പുതിയൊരു ഡൊമൈൻ കൂടെ റെജിസ്റ്റർ ചെയ്യും ഇന്ത്യയിലേക്ക് തിരിച്ചെത്തുകയും ചെയ്യും. അതായത് ഈ 857 സൈറ്റുകളെ തന്നെ കിട്ടില്ല എന്നു ഉറപ്പുവരുത്താൻ ഈ നിരോധനം കൊണ്ട് പറ്റില്ല.
നിരോധനം എന്തിന്?
ഫലപ്രദമായി നടപ്പിലാക്കാൻ കഴിയാത്ത ഒരു നിരോധനം പിന്നെ എന്തിനാവും ഏർപ്പെടുത്തിയത്? പ്രധാനമായും രണ്ടുകാരണങ്ങൾ ഇതിനുപുറകിലുണ്ടാവാം. ഇന്റർനെറ്റിന്റെ സാങ്കേതികയെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതാണ് ഒന്നാമത്തെ കാരണം. ഓരോ സാങ്കേതികവിദ്യയും എന്താണ്, എന്തിനാണ് എന്ന് വ്യക്തമായ ധാരണയില്ലാതെയും കൃത്യമായ പഠനങ്ങളില്ലാതെയും അധികാരഗർവ്വ് അടിച്ചേൽപ്പിക്കാനുള്ള ത്വരയുടെ മാത്രം പുറത്ത് ഇത്തരം നിരോധനങ്ങൾ ഏർപ്പെടുത്തിയ ചരിത്രം നമുക്കുണ്ട്. പ്രമുഖ സോഷ്യൽ കോഡിങ് വെബ്‌സൈറ്റായ ഗിറ്റ്‌ഹബ്ബ് (പ്രധാനപ്പെട്ട പല ഓപ്പൺസോഴ്സ് പ്രൊജക്റ്റുകളുടേയും സോഴ്സ് കോഡ് സംഭരിച്ചിരിക്കുന്നത് ഇവിടെയാണ്), വീഡിയോ ഷെയറിങ് സൈറ്റായ വിമിയോ, അറിവിന്റെ സ്വതന്ത്രലഭ്യതക്ക് വേണ്ടി പ്രവർത്തിക്കുന്ന ഇന്റർനെറ്റ് ആർക്കൈവ്, നിരവധി പേസ്റ്റ്ബിൻ സൈറ്റുകൾ മുതലായവ നിരോധിച്ചത് ഇക്കഴിഞ്ഞ ഡിസംബർ അവസാനമാണ്(കനത്ത പ്രതിഷേധത്ത തുടർന്ന് ഈ നിരോധനം പിന്നീട് പിൻവലിക്കപ്പെട്ടു). ഈ സൈറ്റുകളിലൂടെ ലഭ്യമാവുന്ന സേവനങ്ങളെന്ത് എന്ന പ്രാധമിക ബോധം പോലുമില്ലാതെയായിരുന്നു അന്നത്തെ നിരോധനം. സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രാധമിക വിവരങ്ങളോ, ആവശ്യമായ പഠനങ്ങളോ ഇല്ലാതെയാണ് പലപ്പോഴും ഗവണ്മെന്റ് ഇത്തരം തീരുമാനങ്ങളെടുക്കാറുള്ളത് എന്നത് ഈ ഉദാഹരണത്തിൽ നിന്ന് വ്യക്തമാണ്.
ഇന്റർനെറ്റിന്റെ വികേന്ദ്രീകൃതവ്യവസ്ഥയെക്കുറിച്ച് വേണ്ടത്ര അവഗാഹമില്ലാത്തതും ഈ ഗണത്തിൽ പെടുത്താവുന്നതാണ്. ‘ഇന്റർനെറ്റ് ഒന്നും മറക്കുന്നില്ല’ എന്നത് അധികാരസ്ഥാനത്തിരിക്കുന്നവർ മനസിലാക്കുന്നില്ല, സാമ്പ്രദായിക മാധ്യമങ്ങളെ സംബന്ധിച്ച് ഉറവിടത്തിൽ നിരോധനമേർപ്പെടുത്തൽ വളരെ എളുപ്പമാണ്, എന്നാൽ ഇന്റർനെറ്റിൽ ഒരിക്കൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ ഫീഡുകളും, ന്യൂസ് ഗ്രൂപ്പുകളും, ഫോറങ്ങളും, ടൊറന്റും എന്നു വേണ്ട ലമാർഗ്ഗങ്ങളിലൂടെ അത് ഉപയോക്താക്കളിലേക്കെത്തും. കൂടാതെ നിരോധിക്കപ്പെട്ട വിവരങ്ങൾ ഇന്റർനെറ്റിന് കൂടുതൽ പ്രിയപ്പെട്ടതാണ്. സ്ട്രൈസാന്റ് ഇഫക്റ്റ് എന്നാണ് ഈ പ്രവണത അറിയപ്പെടുന്നത്. മറച്ചുവെക്കാനോ, നീക്കം ചെയ്യാനോ, സെൻസർ ചെയ്യാനോ ഉള്ള ശ്രമങ്ങൾ മൂലം പ്രസ്തുത വിവരങ്ങൾക്ക് ഉദ്ദേശിച്ചതിനേക്കാളധികം പ്രചാരം ലഭിക്കുന്നു. ഈയടുത്ത് നിരോധിക്കപ്പെട്ട ‘India’s daughter’ എന്ന ഡോക്യുമെന്ററിക്ക് ലഭിച്ച അഭൂതപൂർണ്ണമായ പ്രചാരം ഇതിനുദാഹരണമാണ്.
ഇന്റർനെറ്റ് സെൻസറിങ്ങും സർവൈലൻസും കാര്യക്ഷമമായി എങ്ങിനെ ഉപയോഗിക്കാം എന്നതിലേക്കുള്ള പടിപടിയായ നീക്കത്തിനുള്ള തുടക്കമായും ഈ നിരോധനത്തെ വ്യാഖ്യാനിക്കാവുന്നതാണ്. ഇന്ത്യപോലുള്ള ഒരു രാജ്യത്ത് എളുപ്പത്തിൽ നിരോധിക്കാവുന്ന എന്തെങ്കിലുമുണ്ടെങ്കിൽ അത് പോണോഗ്രഫിയാണ്. മറ്റെന്തു നിരോധിച്ചാലുമുണ്ടാവുന്നതിനേക്കാൾ കുറച്ച് പ്രധിഷേധമേ ഈ വിഷയത്തിലുണ്ടാവുകയുള്ളൂ.. പോണോഗ്രഫി കണ്ടന്റുകൾ നിരോധിച്ച് ‘Blocked as per dot order’ എന്ന മെസേജ് ആളുകൾക്ക് പരിചയപ്പെടുത്തുക എന്നത് ബുദ്ധിപൂർവ്വമായ ഒരു നീക്കമാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് ടെലിക്കോം ഓർഡർ പ്രകാരം സൈറ്റുകൾ നിരോധിക്കുന്നത് ഒരു സാധാരണ സംഭവമാണ് എന്ന ചിന്ത ആളുകളിലുണ്ടാക്കാൻ ഇത് സഹായിക്കും. പരിചയിച്ചുകഴിഞ്ഞാൽ പിന്നീട് ഒരു സോഷ്യൽ-പൊളിറ്റിക്കൽ കണ്ടന്റ് ഇത്തരത്തിൽ നീക്കം ചെയ്താലും ഇത് സ്വാഭാവികമല്ലേ എന്ന ചിന്ത ഭൂരിഭാഗമാളുകളിലും ഉണ്ടാക്കിയെടുക്കാൻ ഇത് സഹായിക്കും. അതല്ലാതെ ഇന്റർനെറ്റിന്റെ 30% ഓളം വരുന്ന പോണോഗ്രഫി സൈറ്റുകളിൽ എണ്ണൂറോളമെണ്ണം നിരോധിക്കുന്നതിലൂടെ എന്തെങ്കിലും മാറ്റമുണ്ടാക്കാൻ സാധിക്കുകയില്ല. ഇപ്പോൾ ലഭ്യമായ വിവരങ്ങളനുസരിച്ച് ഇന്റർനെറ്റ് സെർവീസ് പ്രൊവൈഡർമാർക്ക് പ്രശ്നമില്ലെന്നു തോന്നുന്ന സൈറ്റുകൾ ലഭ്യമാക്കാമെന്ന നിർദ്ദേശം ഗവണ്മെന്റ് കൊടുത്തു കഴിഞ്ഞു. സംസ്കാരത്തിനു യോജിക്കാത്തത് എന്ന കാരണത്താൽ നിരോധിക്കപ്പെട്ട സൈറ്റുകൾ പ്രശ്നമില്ലെന്നു തോന്നുന്നവ പുനഃസ്ഥാപിച്ചുകൊള്ളൂ എന്ന് ഒരാഴ്ചക്കുള്ളിൽ മാറ്റിപ്പറയുകയാണെങ്കിൽ, സാംസ്കാരികമായ കാരണങ്ങൾ അത്ര പ്രധാനമുള്ളതല്ല എന്നല്ലേ മനസിലാക്കേണ്ടത്? അങ്ങിനെയാണെങ്കിൽ ഇതൊരു പരീക്ഷണമല്ലാതെ മറ്റെന്താണ്? ജനങ്ങളുടെ പ്രതികരണം, നിരോധനത്തെ ആളുകൾ എങ്ങിനെ മറികടക്കുന്നു, ഇനിയൊരിക്കൽ ആവശ്യമുള്ളപ്പോൾ ഫലപ്രദമായ മാർഗ്ഗങ്ങളെന്തൊക്കെ, ഏതൊക്കെ നിയമങ്ങളുപയോഗിച്ചാൽ എതിർപ്പുകളെ മറികടക്കാം എന്നൊക്കെ പഠിക്കാനുള്ള ഒരു പരീക്ഷണം.
ഒരു വലിയ മഞ്ഞുമലയുടെ മുകൾഭാഗം മാത്രമാണിത്. ഒരു സർവൈലൻസ് സ്റ്റേറ്റിലേക്കുള്ള നടത്തത്തിന്റെ ദൃശ്യമായ ഒരു ചുവട്. സാധാരണക്കാരന്റെ ദൃഷ്ടികോണുകൾക്ക് പുറത്ത്, അണിയറകളിൽ പടപ്പുറപ്പാട് നടക്കുന്നുണ്ടാവണം, ഇത്തരത്തിൽ വെളിപ്പെടുന്ന സംഭവങ്ങൾക്കനുസരിച്ച് അഭിപ്രായസ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും വിലകല്പിക്കുന്ന വ്യക്തികളോരോരുത്തരും ജാഗരൂഗരാവേണ്ടതുണ്ട്. വല്ല്യേട്ടൻ കണ്ണുതുറക്കാൻ ശ്രമിക്കുകയാണ്. കൃത്യമായി എതിർത്തില്ലെങ്കിൽ, പ്രതിരോധിച്ചില്ലെങ്കിൽ ആ കണ്ണുകൾ നമ്മളെ നിരീക്ഷിച്ചു തുടങ്ങും.