← Notes

സ്മാരകം (Smarakam) - Veerankutty

📚 Source
🌳 Evergreen
Created: Jan 19, 2025
Updated: Jan 19, 2025

Source Information

  • Title: സ്മാരകം (Smarakam / Monument)
  • Author: Veerankutty
  • Type: Poetry
  • Language: Malayalam
  • Saved: January 30, 2019

Poem

സ്മാരകം

അപ്പൂപ്പന്‍ താടിയുടെ പറക്കത്തെ

വിനീതമായ ഒരു ശ്രമമായി കാണണം

ചിറകുകളില്ല

ദേശാന്തരം വിധിച്ചിട്ടില്ല

ആകാശവും സ്വന്തമല്ല

എന്നിട്ടും അത് പറക്കുന്നു

കുഞ്ഞിനെ എന്നപോലെ

വിത്തിനെ മടിയില്‍ വച്ച്.

‘അതു കാണും സ്വപ്നത്തിലെ

മരത്തിന്റെ തണലില്‍

നാളെയൊരാള്‍ വന്നിളവേല്‍ക്കും’

എന്ന കവിത അതിനറിയില്ല

അറിവില്ലായ്മയുടെ ഭാരക്കുറവില്‍

അതു പറക്കുന്നു.

അതിനെ പക്ഷി എന്നു വിളിക്കാതിരിക്കാന്‍

നാം കാണിക്കുന്ന കരുണയില്‍

അതു കുറച്ചു കൂടി ദൂരം പോയേക്കും

ധീരമെങ്കിലും എളിയ അതിന്റെ ശ്രമം

വീണുപോകുന്നിടത്ത്

സ്മാരകമായി

ഉയര്‍ന്നു വന്നേക്കും

ആരുമറിയാതെ

നാളെ ഒരു മരം.


Poem by Veerankutty